കൊല്ലം: ഷാർജയിൽ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഭർത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സതീഷിന് വിവാഹ സമയത്ത് 48 പവൻ സ്വർണം നൽകിയെങ്കിലും വീണ്ടും സ്വർണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. 75000 രൂപ നൽകി 11 വർഷം മുമ്പ് ബൈക്ക് വാങ്ങി നൽകിയിരുന്നുവെന്നും എന്നാൽ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനമുണ്ടായെന്നും മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങൾ അതുല്യ അറിയിച്ചിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.


സതീഷ് അതുല്യയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം തെളിവായി നൽകിയാണ് കേസ് നൽകിയിരിക്കുന്നത്. സതീഷ് വീട്ടിലിരുന്ന് മദ്യപിച്ച് മർദിക്കുന്നതിൻ്റെയും കത്തിയും കസേരയുമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് ഡിജിറ്റൽ തെളിവായി നൽകിയിരിക്കുന്നത്. സതീഷ് വിദേശത്തായതിനാൽ കേരളത്തിലെത്തിയ ഉടൻ കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
അതേസമയം വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ കഴിഞ്ഞതുമുതൽക്കെ മാനസിക, ശാരീരിക പീഡനം മകൾ നേരിട്ടിരുന്നുവെന്ന് അതുല്യയുടെ പിതാവ് പറയുന്നു. ഒന്നര വർഷത്തിന് ശേഷം സതീഷിനെതിരെ പരാതി നൽകിയിരുന്നുവെങ്കിലും കൗൺസിലിംഗിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. ഒരു മകൾ ഉള്ളതിനാൽ എല്ലാം സഹിച്ചാണ് അതുല്യ സതീഷിനൊപ്പം കഴിഞ്ഞിരുന്നതെന്നും പിതാവ് പറയുന്നു.
ഇന്നലെ രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യശേഖറിനെ (30) ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Malayali woman commits suicide in Sharjah: Murder case filed against husband